ഭാരതമെങ്ങും കേളികേട്ട ഒരു പുണ്യസ്ഥാപനമാണു് അഭേദാശ്രമം! ശ്രീമദ് അഭേദാനന്ദസ്വാമികളാൽ സ്ഥപിതമായ ഒരു അനന്വയ ആദ്ധ്യാത്മിക കേന്ദ്രമാണതു്. സവിശേഷതകൾ പലതുമുണ്ട് ഈ ആശ്രമത്തിന്. സ്ഥാപകനും. എങ്കിലും ലോകം മുഴുവൻ അത്ഭുതാദരങ്ങളോടെ ശ്രദ്ധിക്കുന്നത് ഇവിടത്തെ നാമജപമാണു്. ഒപ്പം നാമവേദിയേയും. കൃത്യം എഴുപതുവർഷമായി ഇടതടവില്ലാതെ “ഹരേരാമ’ മന്ത്രം ഉദ്ഘോഷണം ചെയ്യുന്ന അനുപമമായ സവിശേഷത ഈ ആശ്രമത്തിനുമാത്രം അവകാശപ്പെട്ടതാണ്. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി അനന്തപുരിയിൽ ഈ മഹാമന്ത്രം മുഴങ്ങി തുടങ്ങിയിട്ട്. ആദ്യം സ്ഥാപിക്കപ്പെട്ടത് ആറയൂർ ആശ്രമമാണെങ്കിലും അവിടെ അഖണ്ഡനാമജപമാരംഭിച്ചത് തിരുവനന്തപുരം ആശ്രമത്തിൽ തുടങ്ങിയതിലും ഏതാനും വർഷം കഴിഞ്ഞിട്ടാണ്. 1955 ഫെബ്രുവരി മാസം 24-ാം തിയതിയാണ് അഖണ്ഡ നാമജപം ആരംഭിച്ചത്. അതിനു ശേഷം ഇന്നുവരെ ഒരുനിമിഷം പോലും തടസ്സപ്പെടാതെ അത് തുടരുന്നു. ആദ്യം തോളിലേറ്റിയ തംബുരു ഇതുവരെ നിലം തൊട്ടിട്ടില്ല. ഒന്നോരണ്ടോമണിക്കൂർ ഇടവിട്ട് ഉപാസകർ തംബുരു മാറിമാറി ഏന്തി മഹമന്ത്രം ഉച്ചരിച്ചു കൊണ്ടേയിരിക്കുന്നു. ലോകവിസ്മയമായി തുടർന്നുകൊണ്ടേയിരിക്കുന്നു!
നാമം നാമിയാണെന്നും ഉപാസന അന്തഃ- ശുദ്ധികരമാണെന്നും വിശ്വസിച്ച അഭേദാനന്ദസ്വാമികൾ ലോക കല്യാണത്തിനായി ആരംഭിച്ചതാണ് ഈ സപര്യ ! ജപത്തിനായി മഹാമന്ത്രവും നിശ്ചയിക്കപ്പെട്ടു. കലിസന്തരണോപനിഷത്തി ലുൾക്കൊള്ളുന്ന
“ഹരേ രാമ! ഹരേരാമ! രാമ രാമ! ഹരേ ഹരേ !
ഹരേ കൃഷ്ണ ! ഹരേ കൃഷ്ണ !
കൃഷ്ണ കൃഷ്ണ ! ഹരേ ഹരേ !”
എന്നതാണ് ആ അപൂർവ്വ മന്ത്രം! മാനവമനസ്സിലെ കലി അഥവാ പാപം നിർമ്മാർജ്ജനം ചെയ്യുകയാണ് മഹാമന്ത്രോച്ചാരണഫലം! വ്രതശുദ്ധിയോടെ തംബുരുവേന്തുന്ന ഉപാസകൻ ഹരിനാമോപാസകനായ നാരദനാലും ആ മന്ത്രം മുഴങ്ങുന്ന നാമവേദി അദ്ധ്യാത്മപ്രഭാമയമായ പ്രപഞ്ചമായും സങ്കല്പിക്കപ്പെട്ടിരിക്കുന്നു. മണ്ഡപത്തിൽ ജ്വലിക്കുന്ന അഖണ്ഡദീപം പഞ്ചേന്ദ്രിയങ്ങളേയും. അതിലെ സുവർണ്ണ പ്രഭ മനഃപരിശോഭിതമാകുന്ന ജ്ഞാനത്തേയും പ്രതിനിധീകരിക്കുന്നു. അതിന് ചോദകമാകുന്ന ഭക്തിയാണ് നിറദീപം പ്രകാശിതമാക്കുന്ന എണ്ണ ! ഭക്തിമയമായ ജ്ഞാനം പഞ്ചേന്ദ്രിയശുദ്ധിവരുത്തി ഉപാസകനേയും പ്രപഞ്ചത്തേയും പാപവർജ്ജിതമാക്കുന്നു ! ഈ ഭാവനയാണ് നാമജപത്തിന് പിന്നിലുള്ള ശക്തി ! അഭേദാനന്ദ ഗുരുദേവന്റെ അകളങ്ക ഭക്തിയും അസീമമായ ത്യാഗഭാവവും ഈ മന്ത്രോപാസനയുടെ അനുസൃതിക്ക് പിൻബലം നൽകികെക്കൊണ്ടിരിക്കുന്നു . വിഹ്വലമാനസാരായെത്തുന്നവർപോലും മഹാമന്ത്രമുച്ചരിച്ചും കേട്ടും നിർവൃതിയടയുന്നു. ജപത്തിനായി ചെലവഴിക്കേണ്ടത് സന്നദ്ധരായും സമയവും മാത്രം!
രണ്ടാശ്രമത്തിലും നാമജപമണ്ഡപം നിലത്താൺ സ്ഥാപിച്ചിരുന്നതു്. അതു് ഏതിന്റേയും മുകളിലാണ് വേണ്ടതെന്ന് ഗുരുദേവൻ ഉപദർശിച്ചിരുന്നു. അനുയായികളെ അതിൻപൊരുളറിയിക്കുകയും ആശ്രമങ്ങൾ രണ്ടും പുതുക്കി പണിതപ്പോൾ നാമമണ്ഡപങ്ങൾ ഉയർ നിലകളിലേയ്ക്ക് മാറ്റി ! സർവ്വോപാസനകൾക്കും മേലെയാണു് ജപവും സ്ഥാനവും ജപകർത്താവുമെന്ന് ഇതിലൂടെ സ്പഷ്ടമാകുന്നു! “യജ്ഞാനാം ജപയജ്ഞോസ്മി” എന്ന് ഗീതാകാരൻ പറഞ്ഞിട്ടുള്ളതും ഈ മഹിമാനം തന്നെയാണ്! യജ്ഞങ്ങളിൽ ജപയജ്ഞം താനാണെന്നു സാരം! ജപം യജ്ഞമായിരിക്കണം ! അതിവിശുദ്ധവും ആത്മാർത്ഥവുമായ മാനസാർപ്പണമാണ് യജ്ഞം! അതിൻ്റെ പരമഫലം മനഃശുദ്ധിയാകുന്നു! അത് ഉപാസകനെ ഭക്തിയുടെ ഉദാത്തപദങ്ങളിലെത്തിക്കുന്നു. അവൻ മീട്ടുന്ന തംബുരു നാദം ഉള്ളിലുയരുന്ന നാദബ്രഹ്മ പ്രതീകമാണു്. വേദി വലംവയ്കുന്നത് ജീവിതയാത്രാ പരിക്രമണവും! ഭഗവന്നാമമുച്ചരിച്ചു പഞ്ചേന്ദ്രിയശുദ്ധി നേടി മനം നിറഞ്ഞ ജ്ഞാനവുമായി വിശുദ്ധ ജീവിതം നയിക്കാൻ സമർത്ഥമാക്കുന്ന മഹായജ്ഞമാണ് നാമജപം! ഈ രഹസ്യമുൾകൊണ്ടും ആ രഹസ്യം ലോകമറിയണമെന്നുദ്ദേശിച്ചുമാണ് അഖണ്ഡനാമജപം ഗുരുദേവൻ സജ്ജമാക്കിയത്! വിഹ്വലതകളടക്കി പ്രശാന്തമാനസനായി നിറദീപപ്രകാശമായ ജ്ഞാനവും പേറി നിശ്ചലചിത്തനാവുകയാണുപാസകൻ്റെ പരിവർ ത്തനം. സംഭീതിയും സംഭ്രമവുമകന്ന ക്ഷോഭവും ക്രോധ വുമില്ലാത്ത ജീവിതം വ്യക്തിക്കുണ്ടാകുമെന്നും അയാളിലൂടെ കുടുംബവും അതിലൂടെ സമൂഹവും ക്ഷമയും ശാന്തിയുമാർജ്ജിക്കുമെന്ന് ഗുരുദേവൻ സങ്കല്പിച്ചിട്ടുണ്ടാകണം! മനസ്സിൽത്തുടരുന്ന ജപയജ്ഞത്തിൻ്റെ നിരുപമ നിദർശനമായി അഭേദാശ്രമനാമവേദി പരിശോഭിക്കുന്നു. അത്ഭുതങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ലോകസ്ഥാപനങ്ങൾ ഈ അനന്വയകർമ്മത്തെ അംഗീകരിച്ചിട്ടുണ്ടു്. സവിശേഷ വൈഭവമുള്ള പാകമതികളും !