ചട്ടമ്പി സ്വാമികൾ,ശ്രീനാരായണ ഗുരുദേവൻ, അയ്യൻകാളി തുടങ്ങിയ കേരള നവോത്ഥാന നായകന്മാർ പ്രചരിപ്പിച്ച നവോത്ഥാന മൂല്യങ്ങളെ മുറുകെ പിടിച്ചു അതിനെയൊക്കെ പ്രായോഗിക തലത്തിൽ കൊണ്ടു വരാൻ ശ്രമിക്കുകയായിരുന്നു അഭേദാനന്ദ സ്വാമികൾ.
ജാതിമത ഭേദമന്യേ എല്ലാവരും നാമം ജപിക്കാനും അർച്ചനയ്ക്കും അർഹരാണെന്ന് വിളംബരം ചെയ്തു കൊണ്ടാണ് 1955-ൽ സന്യാസി ശ്രേഷ്ഠനായ സദ്ഗുരു അഭേദാനന്ദ ഭാരതി സ്വാമികൾ അഭേദാശ്രമത്തിന് തുടക്കം കുറിച്ചത്.
കലിസന്തരണോപനിഷത്തിലെ നാല് രാമ നാമവും,നാല് കൃഷ്ണ നാമവും,എട്ട് ഹരേ നാമവും ഉൾപ്പെടുന്ന ‘ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ .. ഹരേ കൃഷ്ണ ഹരേ കൃഷ്ണ ,കൃഷ്ണ കൃഷ്ണ ഹരേ ഹരേ..’ എന്ന മഹ മന്ത്രമാണ് ഇവിടെ ഇടതടവില്ലാതെ ഉരുവിടുന്നത്.
1955 ഫെബ്രുവരി 24 ന് സ്വാമികൾ പന്മനയിലെ ചട്ടമ്പി സ്വാമി സമാധി ക്ഷേത്രത്തിൽ നിന്ന് കത്തിച്ചു കൊണ്ട് വന്ന ദീപം ആശ്രമത്തിൽ തയ്യാറാക്കിയ വേദിയിലെ വലിയ വിളക്കിൽ കത്തിച്ചത്. തോളിൽ തംബുരു എടുത്തു കൊണ്ട് വിളക്കിനു ചുറ്റും പ്രദക്ഷിണം വച്ച് രാമനാമം ജപിച്ചു തുടങ്ങി. അന്നു മുതൽ ഇന്നു വരെ അതു മുടങ്ങിയിട്ടില്ല. സ്വാമികൾ ഏൽപ്പിച്ചു നൽകിയ തംബുരുവും നിലം തൊട്ടിട്ടില്ല.
നാമജപത്തിന്റെ 70-ാം വാർഷികം നവംബർ 17 മുതൽ ആഘോഷിക്കുന്നു. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വീടുകളിലും സന്ദർശിച്ച് സമൂഹ നാമജപം,സത്സംഗം തുടങ്ങിയ പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്നു.
ചട്ടമ്പി സ്വാമി, രമണ മഹർഷി എന്നിവരുടെ ദർശനവും അനുഗ്രഹവും ലഭിച്ച അഭേദാനന്ദ സ്വാമികൾ 1936ൽ ഋഷികേശിൽ നിന്നും സന്യാസം സ്വീകരിച്ചു. 1946 നെയ്യാറ്റിൻകരക്ക് സമീപം അറയൂരിൽ ആദ്യ അഭേദാശ്രമം സ്ഥാപിച്ചു.
അഭേദാശ്രമത്തിന്റെ നടത്തിപ്പിന്റെ പൂർണ്ണ ചുമതല ശ്രീ ബാലകൃഷ്ണ സ്വാമി ദേവസ്വം ട്രസ്റ്റിനാണ്. ചൂഴാൽ കൃഷ്ണൻ പോറ്റി പ്രസിഡന്റും, കേശവാനന്ദ ഭാരതി സ്വാമി ആശ്രമം മഠാധിപതിയുമാണ്.